പിറന്നാള്‍നേട്ടമായി 49-ാം സെഞ്ചുറി; സച്ചിന്‍റെ റെക്കോഡില്‍ സ്വന്തം കയ്യൊപ്പ്, കോലിയെ തടയാനാര് !

 

  ഒടുവിലത് സംഭവിച്ചിരിക്കുന്നു. ഒരിക്കലും ആർക്കും എത്താനാവില്ലെന്ന് കരുതിയിരുന്ന, ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ മാത്രം സ്വന്തമാക്കിവെച്ചിരുന്ന ആ സുവർണറെക്കോഡിൽ മറ്റൊരു ഇതിഹാസത്തിന്റെ കയ്യൊപ്പ് പതിഞ്ഞിരിക്കുന്നു. ഏകദിനത്തിൽ 49 സെഞ്ചുറികൾ നേടിക്കൊണ്ട് സച്ചിന്റെ റെക്കോഡിനൊപ്പമെത്തിയിരിക്കുകയാണ് കിങ് കോലി എന്ന് ആരാധകർ ആദരപൂർവം വിളിക്കുന്ന വിരാട് കോലി. പിറന്നാൾ ദിനത്തിൽ തന്നെ കരിയറിലെ 49-ാം ഏകദിന സെഞ്ചുറി നേടിയ കോലിയുടെ ഈ നേട്ടത്തിന് മധുരം അൽപം കൂടും. രണ്ട് തവണ സെഞ്ചുറിയ്ക്കരികിൽ വീണുപോയ കോലിയ്ക്ക് പക്ഷേ മൂന്നാം ശ്രമത്തിൽ പിഴച്ചില്ല. അതീവശ്രദ്ധയോടെ ഓരോ പന്തും നേരിടുമ്പോഴും കോലി മനസ്സിൽ സെഞ്ചുറിയുടെ മോഹത്തിന് തിരികൊളുത്തിയിരുന്നു. പതിവിന് വിപരീതമായി വളരെ പതിയെ ബാറ്റിങ് തുടർന്ന കോലി 119 പന്തുകളിൽ നിന്നാണ് സെഞ്ചുറി നേടിയത്. താരത്തിന്റെ കരിയറിലെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ചുറികളിലൊന്നാണിത്.


35-ാം പിറന്നാൾ ദിനത്തിൽ രോഹിത് ശർമയ്ക്ക് പകരക്കാരനായി ക്രീസിലെത്തിയ കോലിയെ തിങ്ങി നിറഞ്ഞ കൊൽക്കത്ത ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിലെ ആരാധകർ വമ്പൻ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. താരം ഓരോ റൺ നേടുമ്പോഴും ഗ്യാലറി ആർത്തിരമ്പി. അർധസെഞ്ചുറി നേടിയപ്പോൾ തന്നെ പലരും കോലി ഇന്ന് സെഞ്ചുറി നേടുമെന്ന പ്ലക്കാർഡുകൾ ഉയർത്താൻ ആരംഭിച്ചു. ഒടുവിൽ ആരാധകരുടെ ആ ആഗ്രഹം കോലി സാധിച്ചുകൊടുത്തു. കഗിസോ റബാദയുടെ 49-ാം ഓവറിലെ മൂന്നാം പന്തിൽ സിംഗിളെടുത്തുകൊണ്ട് കോലി ആ റെക്കോഡിനൊപ്പമെത്തി. സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറിനൊപ്പം.


കരിയറിൽ ഇതിനോടകം സച്ചിന്റെ നിരവധി റെക്കോഡുകൾ തകർത്തെറിഞ്ഞ കോലി ഇനിയും ഒരുപാട് റെക്കോഡുകൾ തകർക്കുമെന്നതിൽ തർക്കമില്ല. ഒരു സെഞ്ചുറി കൂടി ഏകദിനത്തിൽ നേടിയാൽ കോലി സച്ചിനെ മറികടക്കും. ഏകദിനത്തിൽ ഏറ്റവുമധികം സെഞ്ചുറി നേടിയ താരമായി കോലി മാറും. ഏകദിനത്തിൽ ഏറ്റുമധികം സെഞ്ചുറി നേടിയ ആദ്യ മൂന്ന് സ്ഥാനങ്ങളിലും ഇന്ത്യൻ താരങ്ങൾ അണിനിരക്കുന്നത് കാണുമ്പോൾ അഭിമാനിക്കാത്ത ഭാരതീയരുണ്ടോ? പട്ടികയിൽ രോഹിത് ശർമയാണ് മൂന്നാമത്. വെറും 277 ഇന്നിങ്സുകളിൽ നിന്നാണ് കോലി 49 സെഞ്ചുറികൾ തികച്ചത്. സച്ചിൻ 452 ഇന്നിങ്സുകളിൽ നിന്നാണ് ഇത്രയും ശതകങ്ങൾ നേടിയത്. രോഹിത്തിന്റെ അക്കൗണ്ടിൽ 251 ഇന്നിങ്സുകളിൽ നിന്ന് 31 സെഞ്ചുറികളുണ്ട്.



പിറന്നാൾ ദിനത്തിൽ ലോകകപ്പിൽ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്രിക്കറ്റ് താരം എന്ന രസകരമായ സവിശേഷതയും കോലിയുടെ ഈ സെഞ്ചുറിയ്ക്കുണ്ട്. ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരായ മത്സരത്തിലും ന്യൂസീലൻഡിനെതിരായ പോരാട്ടത്തിലും കോലി സെഞ്ചുറിയ്ക്ക് തൊട്ടരികിലെത്തിയതാണ്. ന്യൂസീലൻഡിനെതിരേ 104 പന്തിൽ 95 റൺസും ശ്രീലങ്കയ്ക്കെതിരേ 94 പന്തിൽ 88 റൺസും കോലി നേടി. എന്നാൽ ഈ രണ്ട് അർധസെഞ്ചുറികളും സെഞ്ചുറിയാക്കി മാറ്റാൻ കോലിയ്ക്ക് സാധിച്ചില്ല. സെഞ്ചുറിയ്ക്കരികിൽ വിറച്ചുവീഴുന്ന സച്ചിനെ ബാധിച്ച ദുർഭൂതം കോലിയ്ക്കും പിടിപെട്ടെന്ന് പലരും വിധിയെഴുതി. എന്നാൽ വിമർശകരുടെയെല്ലാം വായടപ്പിച്ചുകൊണ്ടാണ് കോലി ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിലൊന്നായ ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറി നേടുന്നത്.


ദക്ഷിണാഫ്രിക്കയ്ക്കെതിരേ കോലി നേടുന്ന അഞ്ചാം സെഞ്ചുറിയാണിത്. കോലി നേടിയ 49 ഏകദിന സെഞ്ചുറിയിൽ 10 എണ്ണവും ശ്രീലങ്കയ്ക്കെതിരെയാണ്. വെസ്റ്റ് ഇൻഡീസിനെതിരേ ഒൻപത് സെഞ്ചുറിയും ഓസ്ട്രേലിയയ്ക്കെതിരേ എട്ട് സെഞ്ചുറിയും താരം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ബംഗ്ലാദേശ്, ന്യൂസീലൻഡ് എന്നീ ടീമുകൾക്കെതിരെയും കോലി അഞ്ച് വീതം സെഞ്ചുറികൾ അടിച്ചിട്ടുണ്ട്. ഇംഗ്ലണ്ട്, പാകിസ്താൻ ടീമുകൾക്കെതിരേ മൂന്ന് വീതം സെഞ്ചുറികൾ നേടി. സിംബാബ്വെയ്ക്കെതിരേ ഒരു സെഞ്ചുറിയും കുറിച്ചു.



നിലവിൽ കോലി 289 മത്സരങ്ങളിലെ 277 ഇന്നിങ്സുകളിൽ നിന്നായി 13,526 റൺസ് നേടിയിട്ടുണ്ട്. 183 ആണ് ഉയർന്ന സ്കോർ. 58.48 ബാറ്റിങ് ശരാശരിയിൽ 49 സെഞ്ചുറികൾക്ക് പുറമേ 70 അർധസെഞ്ചുറികളും താരം നേടി. 1276 ഫോറുകളും 149 സിക്സുകളും ഇതുവരെ അടിച്ചുകൂട്ടി. ടെസ്റ്റിൽ കോലിയ്ക്ക് 29 സെഞ്ചുറികളുണ്ട്. ഒരു സെഞ്ചുറി ട്വന്റി 20യിലും. ഇതോടെ ആകെ സെഞ്ചുറികളുടെ എണ്ണം 79 ആയി ഉയർന്നു. 100 സെഞ്ചുറികളുള്ള സച്ചിൻ മാത്രമാണ് കോലിയ്ക്ക് മുന്നിലുള്ളത്. 2023 ലോകകപ്പിൽ കോലിയുടെ രണ്ടാം സെഞ്ചുറിയാണിത്. നേരത്തേ ബംഗ്ലാദേശിനെതിരേ താരം ശതകം കുറിച്ചിരുന്നു. നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് കോലി 543 റൺസെടുത്തിട്ടുണ്ട്. 108.60 ആണ് താരത്തിന്റെ ശരാശരി. ഇതാദ്യമായാണ് കോലി ഒരു ലോകകപ്പിൽ 500 റൺസിന് മുകളിൽ സ്കോർ ചെയ്യുന്നത്. രണ്ട് സെഞ്ചുറിയും നാല് അർധശതകവും താരത്തിന്റെ അക്കൗണ്ടിലുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ സെഞ്ചുറിയുടെ മികവിൽ ഇന്ത്യയിൽ കോലിയുടെ ഏകദിനത്തിലെ റൺനേട്ടം 6000 റൺസിന് മുകളിലായി. സച്ചിന് ശേഷം ഇന്ത്യയിൽ 6000 ഏകദിന റൺസ് നേടുന്ന ആദ്യ താരമായും കോലി മാറി.


ഇന്ത്യ സെമിഫൈനൽ ഉറപ്പിച്ചതിനാൽ കോലിയ്ക്ക് മുന്നിൽ ഇനിയും രണ്ട് മത്സരങ്ങൾ കൂടിയുണ്ട്. അടുത്ത മത്സരത്തിൽ താരതമ്യേന ദുർബലരായ നെതർലൻഡ്സാണ് ഇന്ത്യയുടെ എതിരാളി. സെമിഫൈനലിൽ വിജയിച്ചാൽ ഇന്ത്യയ്ക്ക് മൂന്ന് മത്സരങ്ങൾ ലഭിക്കും. ഇതിലൊന്നിലെങ്കിലും സെഞ്ചുറി നേടിയാൽ കോലി സച്ചിൻ പൊന്നുപോലെ സൂക്ഷിച്ച ആ റെക്കോഡ് തകർക്കും. ഈ ലോകകപ്പിലൂടെ തന്നെ താരം റെക്കോഡ് മറികടക്കുമെന്നാണ് ആരാധകർ ഒന്നടങ്കം കരുതുന്നത്. അത്രയും മികച്ച ഫോമിലാണ് കോലി കളിക്കുന്നത്. കോലിയുടെ കരുത്തിൽ ഇന്ത്യ 2011-ന് ശേഷം ലോകകിരീടത്തിൽ മുത്തമിടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. ആ സ്വപ്നം യാഥാർഥ്യമാക്കാനായി കോലി ഏതറ്റം വരെയും പോകും. ഇത്രയും മികച്ച ഫോമിൽ കളിക്കുന്ന കോലിയെ തടയാൻ ആർക്കാണാകുക!

 Amal krishana ,Department of BCA , Al Shifa College of Arts and Science, Kizhattoor, Perinthalmanna






Comments

Popular posts from this blog

Mayanadhi: A Deep Dive into Love, Loss, and Redemption

Aadujeevitham

Your name review