മിയാൻ മാജിക്
നിങ്ങൾക്ക് നാടകീയത ഇഷ്ടമാണോ? എങ്കിലിത് കാണൂ. ക്രിസ് വോക്‌സ് ഓവലിൽ ബാറ്റിങ്ങിനിറങ്ങുന്നു. ഇതാണ് യഥാർത്ഥ ഡ്രാമ..." ?
കമൻ്ററി ബോക്‌സിൽ രവി ശാസ്ത്രിയുടെ ഗംഭീരമായ സ്വരം മുഴങ്ങുമ്പോൾ ഇംഗ്ലണ്ടിന്റെ ഒമ്പതാം വിക്കറ്റ് വീണുകഴിഞ്ഞിരുന്നു. വിജയം 17 റൺസ് അകലെയായിരുന്നു. ആ സമയത്താണ് ചുമലിന് പരിക്കേറ്റ വോക്‌സ് ഗ്രൗണ്ടിലെത്തിയത്..!
വോക്‌സിൻ്റെ ഒരു കൈയ്യിൽ ക്രിക്കറ്റ് ബാറ്റുണ്ടായിരുന്നു. മറ്റേ കൈ ജഴ്‌സിയ്ക്കുള്ളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ഇൻഡോർ നെറ്റ്സിൽ ഒറ്റക്കൈ കൊണ്ട് ബാറ്റിങ്ങ് പരിശീലിച്ചിട്ടാണ് വോക്സ് എത്തിയത്. ആ ധീരത കണ്ട് ഇന്ത്യൻ കാണികൾ പോലും എഴുന്നേറ്റുനിന്ന് കൈയ്യടിക്കുകയായിരുന്നു..!
വോക്‌സിന്റെ വരവ് ഇംഗ്ലണ്ടിന് വലിയ പ്രചോദനമായി. മറ്റേയറ്റത്ത് നിന്നിരുന്ന ആറ്റ്കിൻസൺ ഒരു സിക്‌സർ പറത്തി. കടുത്ത വേദന സഹിച്ച് വോക്‌സ് കുതിച്ചോടിയപ്പോൾ സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും ഇംഗ്ലണ്ടിൻ്റെ സ്കോർബോർഡ് ചലിച്ചുതുടങ്ങി.
ഇന്ത്യൻ താരങ്ങളിലേയ്ക്ക് ഭയം പടർന്നു കയറുന്നുണ്ടായിരുന്നു. വീണുകിട്ടിയ റൺ-ഔട്ട് അവസരത്തെ ധ്രുവ് ജുറെൽ ഉപയോഗപ്പെടുത്തിയില്ല. വോക്സ്‌സിനെ സസ്ട്രൈക്കർ എൻഡിൽ എത്തിക്കാതിരുന്ന ശുഭ്‌മാൻ ഗില്ലിന്റെ ക്യാപ്റ്റൻസിയെ പലരും വിമർശിച്ചു തുടങ്ങിയിരുന്നു.
ഇന്ത്യൻ ആരാധകർ സ്വയം ചോദിച്ചു ആരാണ് നമ്മുടെ രക്ഷകൻ? ഒരുവശത്ത് ഒരു കൊടുങ്കാറ്റിലും ഉലയാത്ത വോക്സ്. മറുവശത്ത് താങ്ങാനാവാത്ത സമ്മർദ്ദം! ഭയാനകമായ ഈ അന്ധകാരത്തിൽ ഇന്ത്യയ്ക്കുവേണ്ടി പ്രകാശം പരത്താൻ ആരുണ്ട്..?
ഏതാനും നിമിഷങ്ങൾക്കുള്ളിൽ ആറ്റ്കിൻസന്റെ സ്റ്റംമ്പുകൾ ഇളകി. തോൽവിയുടെ വക്കിൽനിന്ന് ഇന്ത്യ വിജയം തട്ടിപ്പറിച്ചെടുത്തു.
അതിന് പിന്നിൽ അവനായിരുന്നു..! കാരിരുമ്പിന് സമാനമായ മനസ്സുള്ളവൻ..! സിംഹ ഹൃദയൻ എന്ന് വിളിക്കപ്പെട്ടവൻ..! ഒടുങ്ങാത്ത പോരാട്ടവീര്യമുള്ളവൻ..! മുഹമ്മദ് സിറാജ്..!
ആയിരത്തിലേറെ പന്തുകളാണ് സിറാജ് ഈ സീരീസിൽ എറിഞ്ഞത്. പക്ഷേ അവസാന സ്പെല്ലിലും അയാൾ 90 മൈൽ വേഗത ക്ലോക് ചെയ്യുന്നുണ്ടായിരുന്നു!
ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു-"സിറാജ് മനുഷ്യൻ തന്നെയാണോ!? അതോ ബോളിങ്ങ് മെഷീനോ!!?"
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സിലെ മുപ്പത്തിയഞ്ചാം ഓവർ ആർക്കെങ്കിലും മറക്കാനാവുമോ? ഫൈൻ ലെഗ് ബൗണ്ടറിയിൽ ഫീൽഡ് ചെയ്യുകയായിരുന്ന സിറാജ് ഹാരി ബ്രൂക്കിന്റെ ക്യാച്ച് കൈവിട്ടു!
അതോടെ ഇംഗ്ലിഷ് കാണികൾ സിറാജിൻ്റെ മുഖത്തുനോക്കി ആക്രോശിച്ചു. ചിലർ സിറാജിൻ്റെ ജാള്യതയെ മൊബൈൽ ക്യാമറയിലൂടെ ഒപ്പിയെടുത്തു! 19 റൺസിൽ പുറത്താവേണ്ടിയിരുന്ന ബ്രൂക്ക് സെഞ്ച്വറി അടിക്കുകയും ചെയ്‌തു.
സിറാജ് അപമാനിക്കപ്പെട്ടിരുന്നു. ഒരു മനുഷ്യന് താങ്ങാൻ കഴിയാത്ത തരത്തിലുള്ള വലിയ അപമാനം..!
അവിടെനിന്നാണ് സിറാജ് ഇംഗ്ലണ്ടിനെ എറിഞ്ഞിട്ടത്! സീറോയിൽ നിന്ന് ഹീറോയിലേയ്ക്കുള്ള പരിണാമം..!
സിറാജ് എന്നും അങ്ങനെയായിരുന്നു. ഇതിനേക്കാൾ വലിയ അപമാനങ്ങളോട് പൊരുതി ജയിച്ചിട്ടാണ് അയാൾ ഇവിടം വരെയെത്തിയത്.
ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് ഗൗസിന്റെ സന്താനമായിരുന്ന സിറാജ് . കുട്ടിക്കാലത്ത് സ്ലിപ്പർ ധരിച്ചാണ് ബോൾ ചെയ്‌തിരുന്നത്. കൂടെ കളിച്ചിരുന്ന കുട്ടികൾ തുറിച്ചുനോക്കുമ്പോൾ സിറാജ് അവരോട് പറയുമായിരുന്നു: "എൻ്റെ മാതാപിതാക്കൾ പാവപ്പെട്ടവരാണ്. ക്രിക്കറ്റ് കളിയിലൂടെ എനിക്ക് ലഭിക്കുന്നത് 70 രൂപയുടെ ദിവസവരുമാനമാണ്. അങ്ങനെയുള്ള എനിക്ക് ബൂട്ട്സ് വാങ്ങാൻ സാധിക്കുമോ...!!?"
ആ സിറാജിനെയാണ് ഇംഗ്ലിഷുകാർ പരിഹാസവാചകങ്ങളിലൂടെ തളർത്താൻ ശ്രമിച്ചത്. കടൽ നീന്തിക്കടന്നവൻ നദിയിലെ ജലം കണ്ട് ഭയക്കുമോ..?
19 വയസ്സുള്ളപ്പോൾ ഒരു ലോക്കൽ ക്ലബ്ബ് സിറാജിനെ സമീപിച്ചിരുന്നു. അവർ അവനോട് പറഞ്ഞു: "നീ ഞങ്ങൾക്കുവേണ്ടി കളിക്കണം. ഞങ്ങൾ നിനക്ക് ജഴ്‌സി വാങ്ങിച്ചുതരാം. നിൻ്റെ പഴയ സ്‌കൂട്ടറിൽ ഫുൾ ടാങ്ക് പെട്രോൾ നിറയ്ക്കാം. പകരം നിൻ്റെ കൈയ്യിൽ ഒരു ക്രിക്കറ്റ് ബോൾ വെച്ചുതരും. നീ അതിനെ സ്വിംഗ് ചെയ്യിക്കണം..!"
സിറാജ് എന്ന ടീനേജർ നിഷ്‌കളങ്കമായി മറുപടി നൽകി: "ടെന്നീസ് ബോളിൽ മാത്രം കളിച്ച് പരിചയമുള്ള എനിക്ക് സ്വിംഗ് എന്താണെന്ന് അറിയില്ല. ഞാൻ പരമാവധി വേഗതയിൽ എറിയാം. അത് മതിയാകുമോ...!"
അങ്ങനെ ആരംഭിച്ച സിറാജ് ഇന്ന് എൺപത് ഓവർ പഴക്കമുള്ള പന്തിനെപ്പോലും സ്വിങ് ചെയ്യിക്കുന്നു. ഇതല്ലേ ജീവിത വിജയം..!
അന്ന് പൊരുതി വിക്കറ്റിന് മുമ്പിൽ വീണ് നിരാശയോടെ തല കുനിച്ചിരുന്നു.
പക്ഷേ അയാളുടെ സ്പോർട്സ്മാൻ സ്‌പിരിറ്റിൽ ഒരു യോദ്ധവിനെ പോലെ ഇന്ന് തലയുയർത്തി വിജയിച്ചിരിക്കുന്നു..!
മത്സരംശേഷം സിറാജ് പറഞ്ഞു:
ഞാൻ നന്നായി ഒരു കളി കളിച്ചില്ലെങ്കിൽ "അച്ഛനെ പോലെ ഓട്ടോ ഓടിക്കാൻ പോ" എന്ന് പലരും പറഞ്ഞിട്ടുണ്ട് പക്ഷെ എൻ്റെ അച്ഛൻ്റെ ജോലി എനിക്ക് ഒരു കുറച്ചിൽ അല്ല.... കഠിനാദ്ധ്വാനം എന്തെന്ന് എന്നെ പഠിപ്പിച്ചത് ഓട്ടോ ഡ്രൈവർ ആയ എൻ്റെ അച്ഛനാണ്.!
Mohammed Rashid V
5th Semester BCA
Comments
Post a Comment